നയനമനോഹരം പുഞ്ചിരിയും മധുരമനോജ്ഞമാം വാക്കുകളും
എന്നുമെന്‍ ജീവിതത്തില്‍ അവാച്യമാം നിമിഷങ്ങള്‍
ഓര്‍ക്കുക വല്ലപ്പോഴും തിരിഞ്ഞു നോക്കീടുക
ഒരിക്കല്‍ കൂടി നമ്മള്‍ നമ്മുടെ സാമ്രാജ്യത്തെ
വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഞാനോര്‍ക്കുന്നു
നമ്മുടെ ദാമ്പത്ത്യത്തിന്‍ സ്വര്‍ഗ്ഗീയ മുഹൂര്‍ത്തങ്ങള്‍
നമുക്കായൊരുക്കിയ ചന്തമേറും പൂന്തോപ്പില്‍
സാമോദത്തോടെ നിത്യം കളിച്ചു തിമിര്‍ത്തല്ലോ
ഓര്‍ത്തുപോയാവേളയില്‍ നമ്മുടെ കിനാക്കളും
നയനാനന്ദമേകും നമ്മുടെ മോഹങ്ങളും
നമുക്കായ് ദൈവം തന്ന നമ്മുടെ പൈതങ്ങളെ
സ്വന്തമായ് സ്നേഹിക്കാനായ് ഈ ജന്മം മാറ്റിവെക്കാം
മെയ്യനക്കാന്‍ വയ്യാതെ രോഗശയ്യയില്‍ കിടന്നോ
ര്‍ക്കുന്നു ഞാനെന്നുടെ മുന്‍കാല വികൃതികള്‍
സ്നേഹിക്കും കരങ്ങളെ ചേര്‍ത്തു തലോടി ഞാനും
തളര്‍ന്നു കിടന്നുവെന്‍ ശയ്യാതലത്തിന്‍ മേലെ
ദീപ്തമാം നേത്രങ്ങളില്‍ നോക്കിഞാന്‍ കിടന്നല്ലോ
ഭീതിയാല്‍ ചിണുങ്ങുന്ന പിഞ്ചു പൈതലിനെപോല്‍
ഓര്‍ത്തുപോയൊരുമാത്ര അമ്പലത്തില്‍ പോയതും
മടങ്ങി വരുന്നേരം പിണങ്ങി നടന്നതും
സജലങ്ങളായയെന്‍ മിഴികള്‍ കണ്ടനേരം
അരുതേയെന്നുമെല്ലെ ചൊന്നോരാ നേരമുള്ളില്‍
സ്വര്‍ഗ്ഗത്തിന്‍ പ്രതീതിയെന്‍ മനസ്സില്‍
തോന്നിയല്ലോ
അത്രമേല്‍ സ്നേഹിക്കുന്നെന്നോര്‍ത്തു
ഞാനാനന്തിച്ചു
അറിയാതെ ചെയ്തൊരു അപരാധം ക്ഷമിച്ചീടാന്‍
കരുണ കാട്ടണെയെന്നു യാചിപ്പൂ പൊന്നോമനേ
സ്നേഹിക്കുമെന്‍ പ്രിയനെ വേദനിപ്പിക്കാന്‍ മാത്രം
ഭൂമിയിലൊരു ജന്മം തന്നല്ലോ മനുഷ്യനായ്
ജീവിക്കാന്‍ കൊതിത്തീര്‍ന്നോരെന്നെ സ്നേഹിച്ചു വീണ്ടും
ചുറ്റും കാത്തിരിക്കുന്നെന്‍ മക്കളെ കണ്ടപ്പോള്‍ ഞാന്‍
വിഫലമെന്നോര്‍ത്തജന്മം സഫലമായ് കണ്ടപ്പോള്‍ ഞാന്‍
വെറുതെ കിടന്നെന്‍റെ മിഴികള്‍ രണ്ടും മൂടി
അടഞ്ഞ കണ്ണില്‍ നിന്നും ധാരയായ് ചുടുകണ്ണീര്‍
നിറഞ്ഞു കവിഞ്ഞതു ഞാനറിഞ്ഞതേയില്ല
ശാന്തമായുറങ്ങിഞാനെപ്പൊഴോ ഉണര്‍ന്നപ്പോള്‍
കണ്ടു ഞാനെന്‍റെ ചാരെ ആര്‍ദ്രമാം നേത്രങ്ങളെ
ഒരിക്കല്‍ക്കൂടി കൂടെ പിറക്കാനീ ഭുമിയില്‍
ആശിച്ചു സ്മരിച്ചുഞാന്‍ ഈശനെ മനസ്സാലെ
ഇതു ഞാനെന്‍റെ സ്വന്തം പ്രിയനായ് സമര്‍പ്പിക്കും
സ്മരണതന്‍പൂക്കളായ് ഇതിനെ സ്വീകരിക്കു