Sunday, May 5, 2013

മഞ്ഞ ലോഹം



മഞ്ഞ ലോഹത്തിന്‍ വില യേറീടും പോലെ നാളില്‍
സുമംഗലിമാരുടെ ദുഖഃവുമേറീടുന്നു
കോടതി വരാന്തയില്‍ കയറിയ ഞാന്‍ കണ്ടല്ലോ
അമ്മിണികുട്ടിയുടെ ദൈന്യതയാര്‍ന്ന മുഖം
കയ്യിലായ് തൂങ്ങിനില്‍ക്കും കുഞ്ഞിന്‍റെ മുഖം കണ്ടു
തെല്ലു സന്തോഷത്തോടെ ചിരിച്ചു പോയല്ലോ ഞാന്‍
എന്നുടെ സഖിയുടെ ദുഖഃമെന്താണെന്നോര്‍ത്ത്
ചെന്നു ഞാന്‍ ചാരെ മെല്ലെ വിങ്ങുന്ന മനസ്സുമായ്
എന്തുപറ്റിയെന്നു ഞാന്‍ ചോദിച്ച നേരത്താള്‍
തെല്ലു നീ രസത്തോടെ നാണിച്ചു തലതാഴ്ത്തി
ചാരത്തു ചേര്‍ന്നുനിന്നു ചേര്‍ത്തു ഞാന്‍ പിടിച്ചപ്പോള്‍
ഗദ്ഗദത്തോടെയവള്‍ കരഞ്ഞു പറഞ്ഞു പോയ്‌
സ്ത്രീധനം പോരെന്നുള്ള കുറ്റമെന്‍ മേലെ ചാര്‍ത്തി
പീഢനമേല്‍പ്പിച്ചല്ലോ ഭര്‍ത്താവുമമ്മായിയും
എന്നെ നീ സഹായിക്കൂ ചൊല്ലിയെന്‍ സഖിയപ്പോള്‍
നിന്നുവെന്‍ ചാരത്തായി നിസ്സംഗഭാവത്തോടെ
ജീവനാംശത്തിന്‍ കേസുകെട്ടുകള്‍ നോക്കീഞാനും
രമ്യതയോടെ നില്‍ക്കാനവളോടുര ചെയ്തു
നമ്മുടെ പൈതങ്ങള്‍ തന്‍ മോഹങ്ങള്‍ തുലക്കുവാന്‍
ന്യായക്കോടതിയുടെ വ്യവസ്ഥക്കൊട്ടാകുമോ
അതുകേട്ടപ്പോളവള്‍ തെല്ലൊരു പുച്ഛത്തോടെ
എന്നുടെ നേരെ നോക്കി കോപത്തോടുരിയാടി
പീഢനമേറ്റെന്നുടെ ജീവന്‍ പറന്നുപോകില്‍
മക്കളെ വളര്ത്തീടാന്‍ മറ്റൊരാളുണ്ടാകുമോ
മഞ്ഞലോഹത്തിന്‍റെ വികൃതിയോര്‍ത്തന്നു ഞാന്‍
നിന്നല്ലോ ദുഃഖത്തോടെ കോടതി വരാന്തയില്‍
                               രമണി രോഹിണി

No comments:

Post a Comment