Sunday, May 5, 2013

മകനെ നിനക്കുവേണ്ടി



നൊന്തുപെറ്റൊരെന്‍ പൈതല്‍ എന്നെ വിട്ടകന്നപ്പോള്‍
പൊള്ളിയെന്‍ നെഞ്ചകം ചുടുവെണ്ണീര്‍ വീണപോല്‍
കുഞ്ഞിലെ വികൃതിയാം പൊന്നുണ്ണി തന്നുള്ളിലെ
നീറുന്ന നോവുകളെ അറിയാന്‍ ഞാന്‍ വൈകിപ്പോയ്
കാലത്തിന്‍ കാലിന്‍ ചിലമ്പൊച്ചയകന്നുപോയ്‌
ബവനവും നാടും വിട്ടു നീയും വിട ചൊല്ലി
കൂടെ പിറന്നോരൊക്കെ നിന്നെയും പ്രതീക്ഷിച്ചു
കാത്തിരിക്കുന്നു വീട്ടില്‍ ദിനങ്ങള്‍ എണ്ണീടുന്നു
കണ്ടു ഞാന്‍ പലവട്ടം കലങ്ങിയ കണ്ണുകള്‍
നിറഞ്ഞ മിഴികളാല്‍ നോക്കിയാ നേരത്തയ്യോ
പോള്ളീടും നെറുകയില്‍ ചുടുചുംബനം തന്നി
ട്ടുറങ്ങാതിരുന്നീടുമെത്രയോ നിശകളും
മൂങ്ങതന്‍ മൂളലും ശ്വാനന്‍റെ കുരയ്ക്കലും
കേട്ടു നീ ഭീതിയോടെ പുണര്‍ന്നോരാ രാവുകള്‍
വാരിയെല്ലുകള്‍ കാണും ഗാത്രത്തെയോര്‍തോര്‍ത്തു ഞാന്‍
വേദന തിന്നോരെത്ര ദിനങ്ങള്‍ ഞാനോര്‍ക്കുന്നു
താതന്‍റെയടിയേറ്റു തിണര്‍ത്തീടും കാലുകള്‍
തടവി തലോടുന്ന എത്രയോ നേരങ്ങളും
ഉണര്‍ത്താന്‍ തുടങ്ങുമ്പോലുറക്കം നടിക്കുന്നു
രാത്രി തന്‍ അവസാനയാമത്തെ ഞാനോര്‍ക്കുന്നു
കുസൃതി കാണിക്കിലും വാത്സല്യം തോന്നീടുന്നു
ദേഷ്യവും ശകാരവും സ്നേഹമായ് തോന്നീടുന്നു
വെറുതെ കിടക്കുമ്പോളോര്‍ക്കുന്നു നിന്നെപ്പറ്റി
സുഗന്ധം വിതറുന്ന തേനൂറും നല്ലോര്‍മമകള്‍
                               രമണി രോഹിണി

No comments:

Post a Comment